പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. രേഖകള്‍ ജയിലിലെത്താത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്. കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലില്‍നിന്ന് വരവേറ്റു. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതികളെ വൻ സ്വീകരത്തോടെയാണ് വരവേറ്റത്. രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലില്‍ എത്തിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ മണികണ്ഠന്‍, കെ വി ഭാസ്‌കരന്‍ എന്നിവരാണ് മോചിതരായത്. അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്. ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. ഞങ്ങള്‍ നിരപരാധികളാണ്, സിപിഎമ്മിനെതിരായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്ന് ഉറച്ചു വിശ്വസിക്കുകയും, ഇതില്‍ നിന്നും മോചനം നേടി വരാനായിട്ടുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരുന്നതില്‍ കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വലിയ പിന്തുണയും സഹായവും നല്‍കി. പ്രതിസന്ധി അതിജീവിക്കാന്‍ പാര്‍ട്ടിയെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

Related Posts