രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘മലയാളം വാനോളം ലാൽസലാം’ നാളെ വൈകുന്നേരം ൫ മണിക്ക് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. കേരള സർക്കാരിനുവേണ്ടി കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും.
ആയിരക്കണക്കിന് പ്രേക്ഷകപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി.
മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. മോഹൻലാലിൻ്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിക്കും. കലാമണ്ഡലം വിനോദിൻ്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിക്കും.
മോഹൻലാലിൻ്റെ കലാസപര്യക്ക് ആദരമായി മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചന ‘രാഗം മോഹനം’ അരങ്ങേറും. എം.ജി.ശ്രീകുമാറിൻ്റെ ഗാനത്തോടെ തുടങ്ങുന്ന ‘രാഗം മോഹനത്തിൽ ’ തുടർന്ന് ഗായിക സുജാതയുടെ നേതൃത്വത്തിൽ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാർച്ചന നടത്തും. തുടർന്ന് മോഹൻലാലും ഗാനം ആലപിക്കും.
മോഹൻലാലിന് ആശംസകൾ അർപ്പിക്കാൻ അദ്ദേഹത്തിൻ്റെ നായികമാരായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽ സലാമിൽ’ പങ്കെടുക്കും.