ബെംഗളൂരുവിലെ അവലഹള്ളിയിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു.
രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ധനുശ്രീ( 22) ഇരുചക്രവാഹനത്തിൽ കോളേജിലേക്ക് പോകുമ്പോൾ ബുഡിഗെരെ ക്രോസിനടുത്തുള്ള ഒരു കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. പിന്നിൽ നിന്ന് വന്ന ഒരു ടിപ്പർ ലോറി വിദ്യാർത്ഥിനിയുടെമേൽ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത്വച്ച് തന്നെ വിദ്യാർത്ഥിനിയുടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കെആർ പുരം ട്രാഫിക് പോലീസും കേസ് അന്വേഷിക്കുന്നുണ്ട്. വിദ്യാർത്ഥിയുടെ മൃതദേഹം ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ എല്ലാ റോഡുകളിലെയും കുഴികൾ അടയ്ക്കുന്നതിന് 30 ദിവസത്തെ ഔദ്യോഗിക സമയപരിധി നിശ്ചയിച്ചിരിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.