പാകിസ്താന് സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറബാദില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞാണ് പാക് സര്‍ക്കാരിനെതിരേ പ്രതിഷേധം നടന്നത്. പിഒകെ അസംബ്ലിയില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണംചെയ്ത 12 സീറ്റുകള്‍ റദ്ദാക്കുക എന്നതടക്കം 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്.
തെരുവിലിറങ്ങിയവരെ ഐഎസ്ഐയുടെയും പാക് സൈന്യത്തിൻ്റെയും പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സ് അംഗങ്ങള്‍ ആയുധങ്ങളുമായി നേരിട്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരേ ആയുധധാരികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് സൈനികർ സമരക്കാര്‍ക്ക് നേരേ വെടിവെപ്പ് നടത്തി. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. ഗതാഗതസംവിധാനങ്ങളും നിര്‍ത്തിവെച്ചു.