ബംഗളുരുവിനും മുംബൈക്കും ഇടയിൽ ഒരു പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഇതോടെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെ റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഈ പ്രഖ്യാപനം നടത്തിയത്.

“മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ ആവശ്യകത 30 വർഷമായി നിലനിൽക്കുന്നു. 2023 ലും 2024 ലും മാത്രം 23 ലക്ഷം ആളുകൾ രണ്ട് നഗരങ്ങൾക്കിടയിൽ വിമാനമാർഗം യാത്ര ചെയ്തു. വേഗമേറിയതും സൗകര്യപ്രദവുമായ ട്രെയിൻ ആയിരക്കണക്കിന് യാത്രക്കാർക്ക് സൗകര്യപ്രദവും ആശ്വാസവുമാണ്” പുതിയ റൂട്ടിനായി വളരെക്കാലമായി വാദിക്കുന്ന എം.പി തേജസ്വി സൂര്യ പറഞ്ഞു.

മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഏക ട്രെയിനായ ഉദ്യാൻ എക്സ‌്പ്രസിന് അനുബന്ധമായിട്ടാണ് പുതിയ സർവീസ് വരുന്നത്. ഗുണ്ടക്കൽ, കലബുറഗി വഴി സർവീസ് നടത്തുന്ന ഉദ്യാൻ എക്സ്പ്രസ്, ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് 23 മണിക്കൂറിലധികം സമയവും എടുക്കുന്നു. വേഗം കുറവാണെങ്കിലും, ട്രെയിൻ സാധാരണയായി പൂർണമായും ബുക്ക് ചെയ്യപ്പെടുന്നു. ഇത് യാത്രക്കാർക്ക് ആശ്വാസമായിരുന്നെങ്കിലും സമയം വളരെ കൂടുതലെടുക്കുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

Related Posts