പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്‍റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറൽ പാർട്ടിയിൽനിന്നുയർന്ന സമ്മർദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വർഷം അവസാനമാണ് കാന‍ഡയിൽ തിരഞ്ഞെടുപ്പ്. 2017–2021ലെ ട്രംപിന്‍റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മിൽ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചുവെന്ന ഫലം പുറത്തുവന്നതിനു പിന്നാലെ കാനഡയെ യുഎസിന്‍റെ 51ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. പലവട്ടം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. “കാനഡ യുഎസിലേക്കു ചേർന്നാൽ ഒരു നികുതിയുമുണ്ടാകില്ല. റഷ്യ, ചൈന കപ്പലുകൾ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയിൽനിന്ന് പൂർണമായും രക്ഷപ്പെടാമെന്നും ഒരുമിച്ചുനിന്നാൽ മികച്ച രാജ്യമായി മാറാമെന്നും’’– ട്രൂഡോ രാജിവച്ചതിനുപിന്നാലെ ട്രംപ് പറഞ്ഞു. ട്രംപിന്‍റെ ‘നിർദേശ’ത്തോട് കാനഡ പ്രതികരിച്ചില്ല.തെക്കൻ അതിർത്തിവഴി അനധികൃതമായി ആളുകളെ കടത്തിവിടുന്നതും ലഹരിമരുന്നു കടത്തും അവസാനിപ്പിക്കാൻ കാന‍ഡ തയാറായില്ലെങ്കിൽ 25% നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് നടത്തിയിട്ടുണ്ട്.

Related Posts