സിനിമാടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന കർണാടകസർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് രവി വി. ഹൊസമണിയാണ് പുതിയ ചട്ടം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞത്. സിനിമാടിക്കറ്റിന് പരിധി ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു.

സർക്കാരിൻ്റെ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വലിയ തുക മുതൽമുടക്കിയാണ് മൾട്ടിപ്ലക്സു‌കൾ ആരംഭിച്ചിരിക്കുന്നതെന്നും അസോസിയേഷൻ വാദിച്ചു. എല്ലാവർക്കും തിയേറ്ററിൽനിന്ന് സിനിമ കാണാനുള്ള സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണ് നിരക്ക് നിയന്ത്രിക്കാൻ തീരുമാനിച്ചതെന്നും പുതിയ ചട്ടം, പ്രീമിയം വിഭാഗത്തിൽപ്പെടുന്ന 75 ഇരിപ്പിടങ്ങളിൽ കുറവുള്ള മൾട്ടിപ്ലക്‌സുകൾക്ക് ബാധകമല്ലെന്നും ന്ന് സർക്കാർ വാദിച്ചു.

പരമാവധി നിരക്ക് നിശ്ചയിച്ച നടപടി എല്ലാ വിമാനങ്ങളിലും ഇക്കോണമി ക്ലാസ് മാത്രമേ പാടുള്ളൂവെന്ന് തീരുമാനിക്കുന്നതിന് തുല്യമാണ്. മുൻപ് 2017-ൽ സംസ്ഥാന സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയതും ചൂണ്ടിക്കാട്ടി. ഇരുഭാഗത്തെയും വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Related Posts