റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ‘എന്‍റെ ഭൂമി’ ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിലായി 8 ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ സർവെ ജീവനക്കാരുടെ കൂട്ടായ്‌മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സർവെ ആരംഭിച്ച 529 വില്ലേജുകളിൽ 334 ഇടത്തും ഫീൽഡ് സർവേ പൂർത്തിയായിരിക്കുകയാണ്. ശേഷിക്കുന്ന 195 വില്ലേജുകളിലും സർവേ ജോലികൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. 35 ലക്ഷം ഹെക്ടർ ഭൂമിയാണ് കേരളത്തിൽ ആകെ ഉള്ളത്.
7 ലക്ഷത്തോളം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടറിന്‍റെ നാലിലൊന്നും അളന്ന് കഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ 1966 ൽ റീസർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും 57 വർഷം പിന്നിട്ടും 911 വില്ലേജുകളിൽ മാത്രമാണ് റീസർവ്വെ നടപടികൾ പൂർത്തീകരിക്കാനായത്.