സ്കൂളിൽ പാമ്പുകളെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാൻ വനംവകുപ്പ് പരിശീലനം നൽകുന്നു. പാമ്പിനെ അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പിടികൂടുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കും. പാലക്കാട് ജില്ലയിലാണ് ആദ്യം പരിശീലനം. ഒലവക്കോട് ആരണ്യഭവനിൽ ഈമാസം 11ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പരിശീലനം. വനംവകുപ്പ് ചെലവ് വഹിക്കും. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.

വനം വകുപ്പിൻ്റെ സർപ (നെയ്ക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) നേതൃത്വത്തിൽ ഈ സാഹചര്യത്തിലാണ് പരിശീലനം നൽകുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പിനെ പിടിച്ച് സുരക്ഷിതസ്ഥലത്തേക്കു മാറ്റൽ, ഇനം തിരിച്ചറിയൽ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിവരങ്ങളാണ് ഒരുദിവസത്തെ പരിശീലനത്തിലൂടെ നൽകുക. വനം വകുപ്പ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

പാലക്കാടിനെ ആദ്യം തെരഞ്ഞെടുത്തത് പാമ്പുകളെ സ്കൂളുകളിൽ കൂടുതലായി കണ്ട ജില്ലയെന്ന നിലയിലാണ്. പരിശീലന ക്ലാസ് മറ്റു ജില്ലകളിലും സംഘടിപ്പിക്കും. സുൽത്താൻബത്തേരി സ്കൂളിൽ 2019 ൽ 10 വയസ്സുകാരി ഷെഹനാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സ്‌കൂളിൽ വെച്ചു കടിയേറ്റേതും വേണ്ടവിധം പരിചരിക്കാതിരുന്നതും മരിച്ചതും വിവാദമായിരുന്നു. പല സ്കൂളുകളിലും തുടർന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും പാമ്പുകടിയേൽക്കുകയുണ്ടായി.

Related Posts