ജമ്മു കാശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിംഗ് റാണയും മകനുമാണ് മരിച്ചത്. രജീന്ദർ സിംഗിന്റെ ഭാര്യ ഉൾപ്പെടെ 3 പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിംഗ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
ധർമ്മാരിയിൽ നിന്ന് കുടുംബവുമായി പട്യാനിലേക്ക് പോകുകയായിരുന്നു രജീന്ദർ സിംഗും കുടുംബവും. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രജീന്ദർ സിംഗ് റാണയും മകനും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.