യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് കോതമംഗലത്ത് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു മരണം.

വീട്ടില്‍ വിളിച്ചു വരുത്തി പെണ്‍സുഹൃത്ത് തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു. ഇക്കാര്യം സുഹൃത്ത് പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30 കാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.

പെൺസുഹൃത്തിൻ്റെ മാലിപ്പാറയിലുള്ള വീട്ടിൽവെച്ചാണ് അൻസിലിൻ്റെ ഉള്ളിൽ വിഷം ചെന്നത്. പോലീസെത്തി ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അൻസിൽ വ്യാഴാഴ്ച‌ പുലർച്ചെ 12.20 വരെ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പെൺസുഹൃത്തിന്‍റെ വീട്ടിലെത്തിയത് പിന്നീടാണ്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ വിവാഹിതനാണ്. മക്കളുമുണ്ട്. അൻസിലിൻ്റെ ബന്ധു കൂടിയാണ് പെൺസുഹൃത്ത്. ഏറെക്കാലമായി ഇവരുമായി അൻസിലിന് അടുപ്പമുണ്ടായിരുന്നു.

ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം. അൻസിലിൻ്റെ ഭാഗത്തുനിന്ന് അതിനിടെ, യുവതിക്ക് ചില ദുരനുഭവങ്ങളുണ്ടാകുകയും തുടർന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് സൂചന. അൻസിലിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.

Related Posts