കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച കാണാതായ നിശ്ചിതിൻ്റെ മൃതദേഹം ബംഗളൂരുവിലെ കലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരം 5 ന് ട്യൂഷൻ ക്ലാസിനായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി അരെക്കെരെ 80 ഫീറ്റ് റോഡിൽ നിന്ന് കാണാതാവുകയായിരുന്നു.
കുട്ടിയെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടർന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ.സി. അചിതും ഭാര്യയും പോലീസിൽ പരാതി നൽകി അന്വേഷണത്തിൽ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു.
പിന്നാലെ, അരെക്കരെ ഫാമിലി പാർക്കിന് സമീപം നിന്ന് നിശ്ചിതിൻ്റെ സൈക്കിൾ ലഭിച്ചു.
കൂടാതെ, മകനെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് മാതാപിതാക്കൾക്ക് ഒരു ഫോൺ കോളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയൽ ചെയ്തു.