റാവാഡ എ.ചന്ദ്രശേഖർ സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. പൊലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. സേനയുടെ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ റാവാഡ പങ്കെടുക്കും. ഇന്നലെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് പടിയിറങ്ങി.
റാവാഡ കേന്ദ്ര ഡപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായിരുന്നു. ആന്ധ്ര സ്വദേശിയായ റാവാഡ 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2027 ജൂലൈ ഒന്നു വരെ സർവീസ് ലഭിക്കും. സർക്കാർ യുപിഎസ്സി കൈമാറിയ ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ സീനിയോറിറ്റിയിൽ ആദ്യ സ്ഥാനത്തുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ തഴഞ്ഞാണ് റാവാഡയെ തീരുമാനിച്ചത്. ഔദ്യോഗിക വിഷയങ്ങളിൽ സർക്കാരിന് പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.