എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ബാങ്ക് ഓഫ് ബറോഡക്ക് പിഴ നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരടേണ്ടി വന്ന പ്രശ്‌നങ്ങളെത്തുടർന്നാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ടിവന്നത്. 9 വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് പിഴ നൽകേണ്ടി വന്നത്.
ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്തി ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി സന്ദേശം ലഭിച്ചു.
2017 ഫെബ്രുവരി 21ന് ഇതിനെതിരെ ബാങ്ക് ഓഫ് ബറോഡയുടെ ഭുംഭാൽ ബ്രാഞ്ചിൽ ഉപഭോക്താവ് രേഖാമൂലം പരാതി നൽകി. തുടർന്ന് മാസങ്ങളോളം ഇ – മെയിൽ വഴിയും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ നൽകുകയും ആർബിഐ അധികൃതരെ സമീപിക്കുകയും ചെയ്തെങ്കിലും അധികൃതരിൽ നിന്ന് തൃപ്‌തികരമായ മറുപടി ലഭിച്ചില്ല. ഒടുവിൽ 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.