ആസിയാൻ ഇന്ത്യാ – ഈസ്റ്ര് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലാവോസിലെത്തും. ലാവോസ് പ്രധാനമന്ത്രി സൊനേക്‌സായ് സിഫൻഡോനെയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്.ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പത്താം തവണയാണ് മോദി പങ്കെടുക്കുന്നത്. ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ പത്താം വാർഷികത്തിലാണ് ഉച്ചകോടിയെന്നത് പ്രാധാന്യമർഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ഏഷ്യാ പസഫികിലെ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കണക്‌ടിവിറ്റി, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ സാധിച്ചു. പ്രവാസികളിൽ 20 ശതമാനത്തിൽപ്പരം ആസിയാൻ രാജ്യങ്ങളിലാണ് താമസിക്കുന്നത്.
ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഈസ്റ്റ് ജയ്‌ദീപ് മസുംദാർ അറിയിച്ചു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധത്തിലെ സമഗ്രവും തന്ത്രപരവുമായ പുരോഗതി മോദിയും ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിലയിരുത്തും.