കർണാടകയിലെ മംഗളൂരുവിൽ അച്ഛൻ വലിച്ചശേഷം ബാക്കിവച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുവാവിന്‍റെ അശ്രദ്ധയാണ് പിഞ്ച് കുഞ്ഞിന്‍റെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് പറഞ്ഞ് മാതാവ് പൊലീസിൽ പരാതി നൽകി.
മംഗളൂരുവിലാണ് അതിഥി തൊഴിലാളികളായ ദമ്പതികൾ താമസിച്ചിരുന്നത്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള അനീഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. കുഞ്ഞ് ഉച്ചയോടെ അസ്വസ്ഥതകൾ കാണിച്ച് തുടങ്ങി. ഉടനെ ദമ്പതികൾ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്.
യുവതി കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയെന്ന് വ്യക്തമായതിന് പിന്നാലെയാണ് മംഗളൂരു പൊലീസിൽ പരാതി നൽകിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുന്ന പ്രായമായതിനാൽ ബീഡിക്കുറ്റിയും മറ്റ് സാധനങ്ങളും അലക്ഷ്യമായി എറിയരുതെന്ന് ഭർത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഭർത്താവ് അശ്രദ്ധമായി പെരുമാറിയതാണ് കുഞ്ഞിൻ്റെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.