കനത്തമഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് 7 പേര്‍ക്ക് ദാരുണാന്ത്യം. 2 സ്ത്രീകളും 2 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈസ്റ്റ് കെമെങ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രി ദേശീയപാത 13-ലായിരുന്നു സംഭവം. 7 യാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടർന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം . എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ പ്പെട്ടത് സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ്.

ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണ് അരുണാചൽ പ്രദേശിലെ ബെന-സെപ്പ റൂട്ട്. ഇവിടം മൺസൂൺ കാലത്താണ് കൂടുതൽ അപകടകരമാകുന്നത്. അരുണാചൽ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ മാമ നാതുങ്, കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു തുടങ്ങിയവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. വ്യാഴാഴ്‌ച മുതൽ അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്. അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. കെയി പാന്യോർ ജില്ലയിലെ ചുയു ഗ്രാമത്തിലെ കനത്ത മഴയെത്തുടർന്ന് തൂക്കുപാലം ഒഴുകിപ്പോയി. ഈ തൂക്കുപാലം പിതാപൂളിലേക്കുള്ള പ്രധാന ദേശീയപാതയിലേക്കുള്ള കുറുക്കുവഴിയിയാരുന്നു.

Related Posts