ബുധനാഴ്ച കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയെ സസ്പെൻഡ് ചെയ്തു. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാ ഇവർ. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ ഇവർ 25,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയിലെത്തുകയായിരുന്നു.
കെട്ടിട നിർമാണ പെർമിറ്റിനായി ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽ വെച്ച് പണം വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചി മേയർ ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് നിർദേശം നൽകി. അതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അതിനിടെ, ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് സംഘം. വൈറ്റിലയിലെ കോർപറേഷൻ സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു.
സ്വപ്നയുടെ കാറിൽ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. നേരത്തേ നൽകിയ ബിൽഡിങ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും. അതിനിടെ, സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ പൂർണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു.