ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശ വർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഇതേതുടർന്ന് ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വാക്കാൽ പറഞ്ഞു. മന്ത്രി വാക്കാൽ പറഞ്ഞ തീരുമാനമാണ് ഉത്തരവായി ഇപ്പോൾ സർക്കാർ പുറത്തിറക്കിയത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകണമെന്നതും, ഓണറേറിയം വർധിപ്പിക്കണമെന്നതും സർക്കാർ അംഗീകരിച്ചിട്ടില്ല. ആരോഗ്യ മന്ത്രി വീണ ജോർജുമായുള്ള അവസാനവട്ട ചർച്ചയിൽ ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.

ആശവർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം 69-ാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന ആശവർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം 31-ാം ദിവസത്തിലെത്തി. ആശമാരുമായി ചർച്ചക്ക് പുതിയ സാഹചര്യം ഒന്നുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർ ത്താസമ്മേളനത്തിൽ പ്രതീകരിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് സമരസമിതി ആ​ദ​ര​മ​ര്‍പ്പി​ക്കും.

Related Posts