കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനമെടുത്തു. ജനങ്ങളുടെ താൽപര്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാർട്ടികളും ഐകകണ്ഠേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞു.

കേരളത്തിൽ ഭൂവിസ്തൃതിയിൽ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ ഭൂവിസ്തൃതിയിൽ 6G ശതമാനവും വനഭൂമിയാണ്. 10 വാർഡുകൾ വനഭൂമിയാൽ ചുറ്റപ്പെട്ടതാണ്. ഈ പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നേരിടുന്ന പ്രശ്ന‌മാണ് വന്യജീവി ആക്രമണം. കൃഷിക്കാർക്ക് ഉപജീവനം നടത്താനാവുന്നില്ല.

അസംതൃപ്തരാണ് മലയോര മേഖലയിലെ കർഷകർ. ജനങ്ങൾ സ്ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും സുനിൽ പറയുന്നു.ഈ സാഹചര്യത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാൻ നിർദേശം നൽകിയതെന്ന് പ്രസിഡൻ്റ് പറഞ്ഞു.

വൈകാരിക തീരുമാനമല്ലെന്നും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാർട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധത ഈ തീരുമാനത്തിൽ ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയർത്തിപിടിച്ചു കൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts