ടിവി ചാനലുകളില്‍ ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു.

തീയറ്റര്‍ പ്രദര്‍ശനത്തിന് മാര്‍ക്കോയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിൻ്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും അദേഹം വ്യക്തമാക്കി.

വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുമായി സിനിമയ്ക്ക് പോകും മുന്‍പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. 18 വയസില്‍ താഴെയുള്ളവരെ ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.

Related Posts