തിരുവനന്തപുരം വെഞ്ഞാറമൂട് കുട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ പിതാവ് അബ്‌ദുറഹീം ഇന്ന് രാവിലെ നാട്ടിലെത്തി. ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലും 7 വർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത് സർവതും തകർന്നുനിന്ന അബ്ദുറഹീമിന് ദമ്മാമിലെ ലോകകേരള സഭ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കമാണ് രക്ഷകനായത്.

നാസ് വക്കത്തിൻ്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകൾ ശരിയാക്കി നാട്ടിലെത്താൻ വഴിയൊരുങ്ങിയത്. പ്രിയപ്പെട്ടവരെ മകൻ കൊന്നുതള്ളിയപ്പോൾ ഇതൊന്നും അറിയാതെ ദമ്മാമിലെ കാർ ആക്സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്‌ദുറഹീം. വൈകീട്ട് നാട്ടിൽനിന്ന് സഹോദരിയുടെ മകനാണ് വിളിച്ച് ഞെട്ടിക്കുന്ന വിവരമറിയിച്ചത്. ജ്യേഷ്ഠൻ അബ്ദുൽ ലത്തീഫും ഭാര്യ ഷാഹിദയും കൊല്ലപ്പെട്ട വിവരമാണ് ആദ്യം അറിഞ്ഞത്. കൃത്യം ചെയ്‌തത്‌ തൻ്റെ മുത്ത മകൻ അഫാനാണെന്നുകൂടി അറിഞ്ഞതോടെ അബ് ദുറഹീം എല്ലാ നിയന്ത്രണങ്ങളും നഷ്‌ടമായ അവസ്‌ഥയിലായി.

പിന്നാലെ മറ്റ് കൊലപാതകങ്ങളെ കുറിച്ചുള്ള വാർത്തകളും എത്തിക്കൊണ്ടിരുന്നു. അഫാൻ്റെ പിതാവ് ദമ്മാമിൽ ആണെന്ന വാർത്ത പരന്നതോടെ അബ്‌ദുറഹീമിൻ്റെ ഫോണിലേക്ക് നിരന്തരം കോളുകൾ എത്തിക്കൊണ്ടിരുന്നു. അപ്പോഴും ഒരാൾക്കും ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി പറഞ്ഞു കൊടുക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ നാസ് വക്കം ആശ്വസിപ്പിക്കുകയും നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിക്കൊണ്ട് പോവുകയും ചെയ്തു.

ജവാസത് (സൗദി പാസ്പോർട്ട് വകുപ്പ്) സിസ്റ്റം പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിൻ്റെ പേരിലില്ലെന്ന് മനസിലായി. തൻ്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് സ്പോൺസർ പരാതിപ്പെട്ട് ‘ഹുറുബ്’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്ദുറഹീമിന് നേരത്തെ തന്നെയുണ്ടായിരുന്നു. ദീർഘകാലം റിയാദിൽ കാർ ആക്സസറീസ് ബിസിനസിൽ ഏർപ്പെട്ടിരുന്നു, അതൊക്കെ നഷ്ടമായ ശേഷം ഒന്നര മാസം മുമ്പാണ് ദമാമിലേക്ക് വന്നത്.

Related Posts