കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട്, പാർട്ടിക്ക് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് ശശി തരൂർ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ മുന്നറിയിപ്പ് നൽകിയത്.
കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും. തൻ്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
‘പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്.
എൻ്റെ പുസ്‌തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താൻ ലോകമ്പാടുമുള്ള ക്ഷണങ്ങൾ എനിക്കുണ്ട്’ തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്‌ചയിൽ തൃപ്‌തിയില്ലെന്നാണ് ശശി തരൂരിൻ്റെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിൻ്റെ പുതിയ അഭിമുഖത്തിലെ പരാമർശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
കോൺഗ്രസിനെ എതിർക്കുന്നവർപോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്നും താൻ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജൻസികൾ നടത്തിയ സർവേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തരൂർ പറഞ്ഞു. തൻ്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരത്തുകാർക്ക് ഇഷ്ടമാണ്.
ആ രീതിയിലുള്ള ഇടപെടലാണ് 2026-ലും പാർട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്’ ശശി തരൂർ കൂട്ടിച്ചേർത്തു.