ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കില്‍ ഒരു കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസിൻ്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച രേഖകൾ വളരെ രഹസ്യ സ്വഭാവമുള്ളതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എസ് ബി പാണ്ഡെ കോടതിയോട് അഭ്യർത്ഥിച്ചു. ഇരുഭാഗത്തിൻ്റെയും വാദം കേട്ട ശേഷം, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി വിവേക് മിശ്രയും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രണവ് റായിയും ബന്ധപ്പെട്ട രേഖകളുമായി കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കോടതി രേഖകൾ പരിശോധിച്ച് അണ്ടർസെക്രട്ടറിക്ക് തിരികെ നൽകുകയും കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ ഹർജിക്കാരനും ബിജെപി നേതാവുമായ എസ് വിഘ്‌നേഷ് ശിശിറിന് അനുമതി നൽകുകയുമായിരുന്നു.
രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നതിന് തെളിവുകൾ കൈവശമുണ്ടെന്നായിരുന്നു ശിശിറിന്‍റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട്, യുകെ സർക്കാരിൻ്റെ ചില രഹസ്യ ഇ-മെയിലുകളും തന്‍റെ പക്കലുണ്ടെന്ന് ശിശിര്‍ അവകാശപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ശിശിര്‍ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.