ബസും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ബിഹാറിലെ കതിഹാർ ജില്ലയിൽ ആണ് സംഭവം. കതിഹാറിലെ കോധ ബ്ലോക്കിലെ എൻഎച്ച് -31 ൽ ആണ് അപകടം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനിൽ യാത്ര ചെയ്ത എല്ലാവരും പൂർണിയ ജില്ലയിൽ നിന്നുള്ളവരാണ്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും ശിഖർ ചൗധരി പറഞ്ഞു.