കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വിധിയെഴുത്ത്. 25 ദിവസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിനു കൊട്ടിക്കലാശമായതോടെ ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. സ്ഥാനാർഥികൾ ഇന്നു പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
30,495 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിക്കും. ചൂട് ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളിൽ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. 85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി.
160 കമ്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കും.സംസ്ഥാനത്ത് 2,71,42,952 വോട്ടർമാരെ കൂടാതെ 53,984 സർവീസ് വോട്ടർമാരുമുണ്ട്. പ്രവാസി വോട്ടർമാരായി ഇത്തവണ 2,42,093 പേരുണ്ട്. നല്ലൊരു ശതമാനം പേർ വോട്ട് രേഖപ്പെടുത്താനായി വിദേശങ്ങളിൽനിന്നു നാട്ടിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന വോട്ടർ തിരിച്ചറിയൽ കാർഡ് കൂടാതെ മറ്റു 11 രേഖകൾകൂടി വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകൾ നേടി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും പറയുന്നു.