ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്.
മൂന്നു ദിവസത്തേക്ക് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലൈംഗികാതിക്രമം നടന്നെന്ന് പറഞ്ഞ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഫോർട്ട് കൊച്ചിയിൽ ജനുവരി 30 ന് ഷൂട്ടിംഗ് നടക്കുമ്പോൾ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. കാരവാനിൽ നിന്ന് അതിജീവിത കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചു.