പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കുന്നതായി അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ഹൃദയത്തിൽ നിന്ന് വന്നതാണെന്നും നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപി വ്യക്തമാക്കി.
മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നോക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. തൻ്റെ പ്രസ്‌താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിൻ്റെ ശോഭ കെടുത്തുക മാത്രമാണ്. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം.
നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന് പറയുന്നത് കുത്തിത്തിരിപ്പുകളാണ്. ബജറ്റ് മധ്യവർഗത്തിൻ്റെ യാതനകളെ പരിഗണിച്ചുള്ളതാണ്. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് തൻ്റെ ആഗ്രഹം. സർക്കാർ പക്ഷേ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ട്. പാർലമെന്റ്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്ന ആളാണ് താൻ. തൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിൻ്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്.