കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. . ആദായ നികുതി പരിധി ഉയർത്തിയത് മധ്യവർഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക, വ്യാവസായിക മേഖലകൾ ഉൾപ്പെടെ എല്ലായിടത്തും കടുത്ത നിരാശയാണ്. തുറമുഖത്തിനും സഹായമില്ല, വയനാട് പാക്കേജ് പോലും അനുവദിച്ചില്ല, എയിംസിനെ കുറിച്ചും പരാമർശമില്ല, വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. സതീശൻ ചൂണ്ടിക്കാട്ടി. കേരളമെന്ന പേരു പോലും പരാമർശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രസക്തമായ നിർദേശങ്ങൾ ഒന്നുമില്ല. രാജ്യത്താകെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല, അദ്ദേഹം ആരോപിച്ചു. രാജ്യത്തിൻ്റെ മുൻഗണനാ ക്രമം എന്തെന്നു മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങൾ നേടിയെടുക്കുകയെന്ന അജണ്ടയാണ് ബജറ്റിലുള്ളതെന്നും സംസ്ഥാനങ്ങളെയാകെ കൂടുതൽ ധനപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്നും സതീശൻ ആരോപിച്ചു.