റിട്ട. എഎസ്ഐ, ക്രിസ്മസ്- പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് കോടതിയെയും പൊലീസിനെയും സമീപിച്ചത്. ജനുവരി 24നായിരുന്നു ബംബർ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടി അർഹമായത്.
പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. കാഞ്ഞിരപ്പളിയിൽ നിന്ന് ഡിസംബർ 1 ന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ ടിക്കറ്റ് എടുത്തുവെന്നാണ് സജിമോൻ പരാതിയിൽ പറഞ്ഞത്. ടിക്കറ്റിൻ്റെ പുറത്തായി വിലാസമെഴുതി ഒപ്പിടുകയും ചെയ്തു. ശബരിമലയ്ക്ക് അദ്ദേഹത്തിന്‍റെ വാഹനത്തിൽ പോയ വിശാഖപട്ടണം സ്വദേശികളായ തീർത്ഥാടകർ നെയ്പ്‌പാത്രം വണ്ടിയിൽ മറന്നു വച്ചു.
താൻ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോൻ വാദിച്ചത്. പിന്നീട് ഈ തീർത്ഥാടകർ ആവശ്യപ്പെട്ടപ്രകാരം നെയ്പ്‌പാത്രം കൊറിയർ ചെയ്തു നൽകി. എന്നാൽ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോൻ പരാതിയിൽ പറഞ്ഞത്. ജനുവരി 30 നാണ് പിറവത്തെ കൊറിയർ സ്ഥാ പനത്തിൽ നിന്ന് നെയ്‌പാത്രം കൊറിയർ ചെയ്തത്.
പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യമോർത്ത സജിമോൻ ഫെബ്രുവരി 1 ന് വൈകിട്ട് കൊറിയർ സ്ഥാപനത്തിലെത്തി പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി 4 ന് വിശാഖപട്ടണത്തെ ഉടമയ്ക്ക് പാത്രം ലഭിച്ചു. സജിമോൻ്റെ പരാതിയിൽ പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്താനും ടിക്കറ്റ് പരിശോധിക്കാനും ലോട്ടറി വകുപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്.
ലോട്ടറി വകുപ്പ് കോടതിയിൽ യഥാർത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിൻ്റെ വിശദാംശങ്ങൾ സമർപ്പിച്ചിരുന്നു. ലോട്ടറി വകുപ്പ് ശാസ്ത്രീയ പരിശോധനയടക്കം നടത്തി. പരിശോധനയിൽ സജിമോന്റെ അവകാശവാദത്തെ ശരിവയ്ക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താനായില്ലെന്നും ലോട്ടറി വകുപ്പ് കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ചതിനുശേഷമാണ് കോടതിയുടെ നടപടി.
മാത്രമല്ല സമ്മാനത്തുക വിതരണം ചെയ്യുന്നതിനേർപ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി. കോട്ടയം കാഞ്ഞിരപ്പളി ബസ് സ്റ്റാൻ്റിന് സമീപത്തുള ന്യൂ ലക്കി സെൻ്റർ എന്ന കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ബംബറിന്‍റെ യഥാർത്ഥ വിജയി പേര് വെളിപ്പെടുത്തിയിട്ടില്ല.