ചോറ്റാനിക്കരയിലെ പോക്സോ കേസിൽ ക്രൂരപീഡനത്തിനിരയായ 19 കാരി മരിച്ചു. ആൺസുഹൃത്തിൻ്റെ ക്രൂരപീഡനത്തിനിരയായി ഗുരുതര പരിക്കോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് 19 കാരി പെൺകുട്ടി മരിച്ചത്. ലൈംഗികാതിക്രമത്തിനും അതിക്രൂരമായ പീഡനത്തിനും ഇരയായ പെൺകുട്ടിക്ക് ആറാം ദിവസമാണ് ജീവൻ നഷ്ടമായത്.
സംഭവത്തിൽ പ്രതിയായ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപ് റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. ഈ മാസം 26ന് വൈകുന്നേരമാണ് പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ ബന്ധു കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കൈയിലെ മുറിവിൽ ഉറുമ്പരിക്കുന്ന നിലയിലുമായിരുന്നു.
ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിക്ക് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകിവരികയായിരുന്നു. ഇതിനിടെ, മസ്തിഷ്ക മരണം സംഭവിച്ചാണ് പെൺകുട്ടി മരണപ്പെട്ടത്.