വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഫെഫ്‌കയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നതായി ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ. പ്രമുഖ നടിയടക്കം സമരക്കാരെ സന്ദർശിച്ചത് ഫെഫ്‌കയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സിബി മലയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണനെതിരെ ബോധപൂർവം ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിബി മലയിൽ ആരോപിച്ചു. കഴിഞ്ഞദിവസം മേക്കപ് ആർട്ടിസ്റ്റുകളുടെ സമരത്തിലുൾപ്പെടെ ഡബ്ല്യുസിസി ഇടപെട്ടിട്ടുണ്ട്.

ഉണ്ണിക്കൃഷ്‌ണൻ്റെ കൂടെയാണ് സംഘടന. നിലവിലുള്ള പ്രശ്നങ്ങളിൽ ബി ഉണ്ണിക്കൃഷ്ണനോട് ഫെഫ്‌ക വിശദീകരണം തേടി. മറുപടി തൃപ്തികരമാണ് ഉണ്ണിക്കൃഷ്‌ണനെതിരായ കേസുകൾ അദ്ദേഹം സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യും. നിർമാതാവ് സാന്ദ്രാ തോമസുമായുള്ള എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടെത്തിയിട്ടും ഉണ്ണിക്കൃഷ്‌ണനെതിരെ സംസാരിക്കുന്നതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ട്.

സാന്ദ്രാ തോമസ് നിലവിൽ ഫെഫ്‌ക അംഗമല്ല. അവരുമായി സംഘടനയ്ക്ക് നിസ്സഹകരണമില്ല. ബി ഉണ്ണിക്കൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ച ഫോട്ടോഗ്രാഫറെ അച്ചടക്കലംഘനത്തിന് സംഘടനയിൽനിന്ന് പുറത്താക്കിയതാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്ന് മേക്കപ് ആർട്ടിസ്റ്റുകൾ യൂണിയൻ ഓഫീസിനുമുന്നിൽ നടത്തിയ സമരം ഒത്തുതീർപ്പാക്കി. റീജണൽ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഫെഫ്‌ക ഭാരവാഹികളും സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം ഒത്തുതീർപ്പാക്കിയത്.

Related Posts