നഗരമാലിന്യത്തിൻ്റെ പേരിൽ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി എംപി സ്വാതി മാലിവാൾ. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതി മാലിവാൾ. മാലിന്യം തള്ളുന്ന ഡൽഹി വികാസ്‌പുരിയിലെ സ്ഥലം സന്ദർശിച്ച ശേഷം നഗരത്തിലെ ശുചിത്വത്തിൻ്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ അവർ കെജ്‌രിവാളിനെ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് അവർ മാലിന്യം അദ്ദേഹത്തിൻ്റെ വസതിക്ക് മുന്നിൽ തള്ളി പ്രതിഷേധിമറിയിച്ചത്.
കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഏറെ നാളായി സ്വാതി പാർട്ടിയുമായി അകൽച്ചയിലായിരുന്നു. ഡൽഹിയിൽ ഫെബ്രുവരി 5 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്‌മി ദേശീയ കൺവീനർക്കെതിരെ സ്വാതിമാലിവാളിൻ്റെ പ്രതിഷേധം. ഈ മാലിന്യം അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലേക്ക് കൊണ്ടുപോകുമെന്നും ഡൽഹിക്ക് അദ്ദേഹം നൽകിയ ഈ വൃത്തികെട്ട സമ്മാനം എന്തുചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിക്കുമെന്നും അവർ പറഞ്ഞു
‘ഡൽഹിയുടെ എല്ലാ മുക്കും മൂലയും വൃത്തിഹീനമാണ്. റോഡുകൾ തകർന്നിരിക്കുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നു. കെജ്‌രിവാൾ ഇപ്പോൾ ഒരു ആം ആദ്‌മി അല്ല. ഡൽഹിയുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ല,’ -മാലിവാൾ പറഞ്ഞു. ഈ പ്രതിഷേധം ഒരു പാർട്ടിക്കും എതിരല്ലെന്നും അവർ കൂട്ടിച്ചേർത്തു. കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളിയതിന് പിന്നാലെ സ്വാതി മാലിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.