കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോൾ പമ്പ് ഉടമയായ പ്രശാന്തൻ. ഈ ആവശ്യം ഉന്നയിച്ച് പ്രശാന്തൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. നേരത്തെ തന്നെ പോലീസ് മേധാവിക്ക് താൻ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതെന്ന് പ്രശാന്തൻ പറഞ്ഞു.
തൻ്റെ ആരോപണത്തിൽ വിശദമായ അന്വേഷണം വേണം എന്നും ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നും പ്രശാന്തൻ പറയുന്നു. പമ്പിന് എൻ.ഒ.സി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തിൻ്റെ പരാതി. എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിലെത്തിയാണ് പണം കൈമാറിയതെന്നുമായിരുന്നു ടി.വി.പ്രശാന്തിൻ്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതിയും നൽകിയിരുന്നു. നവീൻ്റെ യാത്രയയപ്പ് യോഗത്തിൽ ഈ വിഷയത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റയിരുന്ന പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിനു പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.