ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓല ഇലക്‌ട്രിക് കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും അച്ചടക്കവും വേഗവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്‍റ ഭാഗമായാണ് ഈ നടപടി.
നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. മുൻപും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും, 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.