രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാരായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി.
സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വഴി കുട്ടികൾക്ക് എളുപ്പത്തിൽ പാഡുകൾ ലഭ്യമാകുന്ന വിധത്തിൽ ഇതു സജ്ജീകരിക്കണം. അതിനു സാധ്യമല്ലാത്ത സാഹചര്യത്തിൽ പാഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ആവശ്യമായ നടപടികൾ എടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ആർത്തവസമയത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും പെൺകുട്ടികൾ നേരിടുന്ന അപമാനവുമൊക്കെ പെണ്‍കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.