അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇന്നലെയാണ് പ്രതി ഷിംജിത ജാമ്യാപേക്ഷ നൽകിയത്.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ വാദിച്ച സാഹചര്യത്തിലാണ് കുന്നമംഗലം മജിസ്ട്രേട്ട് കോടതി നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇതിനെ തുടർന്നാണ് വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത് ഗൗരവകരമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും സാമ്പത്തിക നേട്ടത്തിനുമായി ബോധപൂർവ്വം വീഡിയോകൾ ചിത്രീകരിക്കുകയും എഡിറ്റ് ചെയ്‌ത് പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ബസ്സിലെ സിസിടിവി ദൃശ്യങ്ങളിൽ ദീപക്കിൻ്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. നിലവിൽ ഷിംജിത മഞ്ചേരി വനിതാ ജയിലിലാണ്.