പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ (82) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബംഗളൂരുവിൽ സുഹൃത്തിൻ്റെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975ൽ അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി. 1991ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ ഡോക്ടർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആശുപത്രിയുടെ സ്ഥാപകനാണ് അദ്ദേഹം.

വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്‌പ്ലാൻ്റ് ആദ്യത്തെ ലേസർ ഹൃദയ ശസ്ത്രക്രിയ എന്നിവ നടത്തിയത് അദ്ദേഹമാണ്. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. വേൾഡ് കോൺഗ്രസ് ഒഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.

ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഒഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ് ചെറിയാൻ. ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായിരുന്നു. മദ്രാസ് മെഡിക്കൽ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റു ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമാണ്. കായംകുളത്ത് 1942 മാർച്ച് 8 നാണ് അദ്ദേഹത്തിൻ്റെ ജനനം. സെലിൻ ചെറിയാനാണ് അദ്ദേഹത്തിൻ്റെ ഭാര്യ. സന്ധ്യ ചെറിയാൻ, സഞ്ജയ് ചെറിയാൻ എന്നിവരാണ് മക്കൾ, എഴുത്തുകാരിയായ പ്രിയ കെ മേനോൻ രചിച്ച ‘ഹാൻഡ് ഒഫ് ഗോഡ്’ എന്ന പുസ്തകം ചെറിയാൻ്റെ ജീവചരിത്രമാണ്.

Related Posts