ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി. മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി , സ്വർണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയത്.
മൂവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെയൊക്കെ എത്തിച്ചു എന്നതിലടക്കം വ്യക്തത വരേണ്ടതായുണ്ട്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പ്രതികൾക്ക് സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും വാൻ തോക്കുകളുടെ സഹായം കിട്ടിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കും.