രണ്ടുവർഷം മുന്നെ തന്നെ സ്ഥലത്ത് ഒയാസിസ് കമ്പനി പ്രവർത്തനം തുടങ്ങിയതാണ്. അന്നുമുതലേ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നു. ഒരു കമ്പനിക്ക് മാത്രം ടെൻഡർ വിളിക്കാതെ അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. മദ്യനയക്കേസിൽ ആരോപണവിധേയരായ ഡൽഹി കമ്പനിയാണ് ഒയാസിസ്. കേസിൽ ഇതിൻ്റെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രല്ല കമ്പനിയുടെ പ്ലാന്റിനെതിരേ ജലചൂഷണത്തിൻ്റെ പേരിൽ പഞ്ചാബിൽ വലിയ സമരം നടക്കുകയാണ്. ഭൂഗർഭ ജലം നാല് കിലോമീറ്റർ ചുറ്റളവിലെ ഇവർ മലിനമാക്കി. കുഴൽക്കിണർ വഴി വ്യവസായിക മാലിന്യം ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് അടിക്കുക്കുന്നു. ഇങ്ങനെയുള്ള കമ്പനിയെ എങ്ങനെ കിട്ടിയെന്നും സതീശൻ ചോദിക്കുന്നു. മദ്യനിർമാണ ശാലയ്ക്ക് അനുമതി കൊടുക്കുന്നത് സംബന്ധിച്ച് കേരളത്തിലോ രാജ്യത്തോ ഉള്ള മറ്റ് കമ്പനികളൊ അറിഞ്ഞിട്ടില്ല. ചോദ്യം ചോദിക്കുമ്പോൾ പോയിൻ്റ 24 നോക്കൂവെന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എക്സാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാൻ മാത്രമല്ല അനുമതി നൽകിയിരിക്കുന്നത്. മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, എഥനോൾ പ്ലാൻ്റ, വൈൻ, ഇന്ത്യൻ നിർമിത വിദേശനിർമിത ബോട്ടിങ് യൂണിറ്റ് ബ്രാണ്ടി, എന്നിവയെല്ലാം നിർമിക്കുന്നുണ്ടെന്നും സതീശൻ വ്യക്തമാക്കി. ഇതിനൊന്നും ഉത്തരംപറയാതെ പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും തമ്മിലുള്ള തർക്കത്തേക്കുറിച്ചാണ് മന്ത്രി പറയുന്നത്. അങ്ങനെയുണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാമെന്നും സതീശൻ പറഞ്ഞു.
ഇഷ്ടക്കാർക്ക് പട്ടുംവളയും നൽകാൻ ഇത് രാജഭരണമല്ല, നടപടിക്രമങ്ങളുള്ള നാടാണ്. ജനാധിപത്യ ഭരണമാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. വിഷയ ദാരിദ്ര്യമെന്നും കോൺഗ്രസിലെ തർക്കമെന്നും പറഞ്ഞാൽ മറുപടിയാകില്ല. ചോദിച്ചതിന് മറുപടി പറയാതെ പിന്തിരിഞ്ഞ് ഓടരുത്. കൊടിയ അഴിമതിയാണ് നടന്നത്. കൊടിയ അഴിമതിക്കാണ് മുഖ്യമന്ത്രി കുടപിടിച്ചുകൊടുക്കുന്നത്. ഈ ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരും. കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടും. പാലക്കാടും എലപ്പുള്ളിയിലും സംസ്ഥാന വ്യാപകമായും സമരം നടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.