വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണ നടത്തിയ യുവാവ് പിടിയിൽ. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളും വർക്കലയിൽ താമസക്കാരുമായ ദമ്പതികൾ ഞായർ രാത്രി 11 ഓടെ നോർത്ത് ക്ലിഫ് ഭാഗത്തെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവാവ് സ്ത്രീയുടെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് കൈപിടിച്ച് വലിച്ചെന്നും പരാതിയിൽ പറയുന്നു.
പോലീസിൽ അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പിടികൂടിയത്. സിസിടിവിയിൽ അമലിനൊപ്പം മറ്റ് രണ്ട് യുവാക്കളെയും കണ്ടിരുന്നതിനാൽ അവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിൽ പ്രതിയെ ഇതിന് മുൻപ് പിടികൂടിയത്. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.