ആശാവർക്കർമാർ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന രാപ്പകൽ സമരത്തിന് ഇന്ന് തിരശീല വീഴും. ഈ വർഷം ഫെബ്രുവരി 10 നാണ് വിവിധ ആവശ്യങ്ങളുമായി ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഓപ്പകൽ സമരം ആരംഭിച്ചത്.സമര പ്രഖ്യാപന റാലിയോടെയാണ് രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിൻ്റെ ഒന്നാം വാർഷിക ദിനമായ ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിലേക്ക് മാറാലിയും സംഘടിപ്പിക്കും.
വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ, 21000 രൂപ ഓണറേറിയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടരുന്നത്. ഓണറേറിയം വർദ്ധിപ്പിക്കില്ലെന്നു പറഞ്ഞ സർക്കാർ 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചതിനാലാണ് രാപ്പകൽ സമരം അവസാനിപ്പിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു. ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് നിലപാടെടുത്ത സംസ്ഥാന സർക്കാർ ഒടുവിൽ സമരക്കാരുടെ മുന്നിൽ മുട്ടുമടക്കിയെന്നും അവർ വ്യക്തമാക്കി.