ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടിവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി എസ്പി ശശിധരൻ്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു.
2019ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ പോറ്റിക്ക് കൈമാറുമ്പോൾ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശിപാർശ ബോർഡിന് നൽകിയത്.
സ്വർണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാണിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയൂടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. സ്വർണം കവരാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സഹായം ചെയ്തെന്നാണ് നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായിയായിരുന്ന സി.കെ.വാസുദേവനെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.