ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ഓസീസ് 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓസീസിനായി മിച്ചൽ മാർഷ് 26 പന്തിൽ 46 റണ്‍സും ട്രാവിസ് ഹെഡ് 15 പന്തിൽ 28 റണ്‍സും നേടി. ഇരുവരും ചേർന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. ജോഷ് ഇംഗ്ലിസ് 20 റണ്‍സും മിച്ചൽ ഓവൻ 14 റണ്‍സും നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വിഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.68 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്കോറർ. അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി. 32 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഓപ്പണർ ശുഭ്മൻ ഗിൽ (അഞ്ച്), സഞ്ജു സാംസൺ (രണ്ട്), സൂര്യകുമാർ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ പുറത്തായി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് മൂന്നും, സേവ്യർ ബാർട്ലെറ്റ്, നേഥൻ എലിസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.