ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു മറുപടി ബാറ്റിങ്ങിൽ ഓസീസ് 46.2 ഓവറിൽ 265 റൺസെടുത്തു. ഏകദിന ടീമിൻ്റെയും നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മൻ ഗില്ലിന്റെ ആദ്യ പരമ്പരയാണിത്.
കുപ്പർ കോനോലിയുടെയും മാത്യു ഷോർട്ടിൻ്റെയും അർധ സെഞ്ച്വറികളാണ് ഓസീസിൻ്റെ വിജയം എളുപ്പമാക്കിയത്. മാത്യു ഷോർട്ട് 78 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 74 റൺസെടുത്ത് ടോപ് സ്‌കോ ററായി. കൊനോലി 53 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ഒരു സിക്‌സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മിച്ചൽ മാർഷ് (24 പന്തിൽ 11), ട്രാവിസ് ഹെഡ് (40 പന്തിൽ 28), മാറ്റ് റെൻഷോ (30 പന്തിൽ 30), അലക്‌സ് കാരി (17 പന്തിൽ ഒമ്പത്), മിച്ചൽ ഓവൻ (23 പന്തിൽ 36), മിച്ചൽ സ്റ്റാർക് (ഏഴു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓസീസ് ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം 25ന് സിഡ്‌നിയിൽ നടക്കും.