കർണാടകയിലെ ആനേക്കൽ ടൗണിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിക്ക് നടുറോഡിൽ ക്രൂരമായി മർദ്ദനമേറ്റു. സംഭവത്തിൽ മർദിച്ച ഭർത്താവിനെതിരെയും ബന്ധുക്കൾക്കുമെതിരെയും പോലീസ് കേസെടുത്തു. ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധനം ആവശ്യപ്പെട്ട് മർദനം പതിവായിരുന്നെന്ന് യുവതി ആനേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാല് വയസുള്ള മകനെ ഭർതൃവീട്ടുകാർ പിടിച്ചുവച്ചിരിക്കുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. അഞ്ച് വർഷം മുൻപാണ് 32കാരിയായ യുവതി വിവാഹിതയായത്.
ഒന്നര ലക്ഷം രൂപ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടായിരുന്നു പീഡനം. ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു. മർദനം പതിവായതോടെ പഞ്ചായത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെയാണ് യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ചത്.