അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിൻ്റെ ‘ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥ’ യാണെന്ന വാദം ആവർത്തിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കാതെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും നേതാക്കൾ. രാജീവ് ശുക്ല, ഇമ്രാൻ മസൂദ്, ശശി തരൂർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും ട്രംപിൻ്റെ പ്രസ്‌താവനയെ തള്ളി രംഗത്തെത്തി.

ട്രംപ് പറഞ്ഞതു പോലെ ഇന്ത്യയുടേത് ‘ചത്ത സമ്പദ്‌വ്യവസ്ഥ’യാണെന്നും ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒഴികെ എല്ലാവർക്കും അതറിയാമെന്നുമായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്‍റെ പ്രസ്താവന ഏറെ ഗൗരവമേറിയ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പറഞ്ഞു.

അമേരിക്ക അല്ലെങ്കിൽ പുറത്തുള്ള മറ്റു സാധ്യതകളും ഇന്ത്യ തേടണമെന്ന് ശശി തരൂർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്‌തു. നമ്മുടെ ആവശ്യങ്ങളും അമേരിക്ക മനസ്സിലാക്കണം. ഇന്ത്യ അമേരിക്കയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന തീരുവകൾ ന്യായീകരിക്കാനാകാത്തതല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ട്രംപിന്‍റെ പരാമർശത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. ട്രംപിന് മോദി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ‘ട്രംപിനെതിരേ ഒരു വാക്കുപോലും പറയാൻ സർക്കാർ തയ്യാറല്ല. അമേരിക്കയുടെ അടിമകളായി നമ്മൾ മാറിയോ? പ്രധാനമന്ത്രിക്കൊപ്പം രാജ്യം മുഴുവനും ഉറച്ചുനിൽക്കും. പക്ഷെ, അദ്ദേഹം ട്രംപിന് മറുപടി നൽകണം’, ഇമ്രാൻ മസൂദ് പറഞ്ഞു.

Related Posts