സംസ്ഥാനത്ത് ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സപ്ലൈകോ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 25 മുതൽ തുടക്കമാകും. ജില്ലാകേന്ദ്രങ്ങളിലും 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ 26നും 27നുമായി തുടങ്ങും. ഉത്രാടം നാളായ സെപ്തംബർ നാലുവരെയാണിത്. നിയമസഭാമണ്ഡലങ്ങളിലെ ഫെയറുകൾ ആഗസ്റ്റ് 31മുതൽ സെപ്തംബർ നാലുവരെ.
നിയമസഭാ മണ്ഡലങ്ങളിൽ 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും സംഘടിപ്പിക്കും. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻ കാർഡുടമകൾക്ക് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപയ്ക്ക് ലഭ്യമാക്കും. നിലവിൽ സബ്സിഡി നിരക്കിൽ നൽകുന്ന എട്ട് കിലോയ്ക്ക് പുറമേയാണിത്. മഞ്ഞ റേഷൻ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് 14 ഇനം (തുണിസഞ്ചി അടക്കം 15) ഭക്ഷ്യസാധനങ്ങളങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകുക.