റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ്, തൃശുര്‍ സ്വദേശി സിബി എന്നിവരെ വടക്കാഞ്ചേരി പൊലീസാണ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
വഞ്ചന, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 126 ഇന്ത്യാക്കാരാണ്. ഇതില്‍ 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്ന് കേന്ദ്രം അറിയിച്ചു. കൊല്ലപ്പെട്ട മലയാളി ബിനില്‍ ബാബുവിൻ്റെ മൃതദേഹം തിരികെ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞയാഴ്ച റഷ്യയില്‍ ഷെല്ലാക്രമണത്തിലാണ് തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടത്.