ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. മറ്റന്നാൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ പെയിന്റടിച്ച് വികൃതമാക്കിയത്. രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് കീഴിൽ ‘​ഗാന്ധി ഹിന്ദുസ്ഥാനി ടെററിസ്റ്റ്’, ‘ടെററിസ്റ്റ്’ തുടങ്ങിയ വിദ്വേഷ കുറിപ്പുകളാണ് ആക്രമികൾ എഴുതിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമീഷൻ ശക്തമായി അപലപിച്ചു.

നടപടിക്കായി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹിംസ ആശയത്തിനെതിരായ ക്രൂരമായ ആക്രമണമാണിതെന്നും ഹൈക്കമീഷൻ എക്സിൽ കുറിച്ചു. പ്രതിമ പഴയരീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമീഷൻ അറിയിച്ചു. പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ് ആണ് ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്‌റ്റോക്ക് സ്ക്വയറിലെ ഗാന്ധി പ്രതിമ നിർമിച്ചത്. 1968ൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്.

Related Posts